കൊച്ചി : സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ(Swapna Suresh) ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്നയെ ഇ ഡി(ED) അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ സ്വപ്ന നല്കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കോടതിയിൽ നൽകിയ മൊഴിയില്‍ സ്വപ്ന ഉറച്ചു നിന്നതായാണ് സൂചന. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയും മുൻ മന്ത്രി കെ. ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും സ്വപ്നയുടെ രഹസ്യമൊഴിയിൽ ഗുരുതരമായ ആരോപണങ്ങളുണ്ട്.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്കു പിന്നിലെ ഗൂഡാലോചന കേസിൽ സാക്ഷിയായ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഡാലോചനാ കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്റെ തീരുമാനം.