
കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂചലനമുണ്ടായി. കൊട്ടാരക്കര, പത്തനാപുരം, നിലമേൽ എന്നീ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റു മഴയും അനുഭവപ്പെട്ടിരുന്നു. അതിന് ശേഷം രാത്രി 11.37 നും 11.41 ഇടയിലാണ് ഭൂചലനമുണ്ടായത്.
നേരിയ തോതിലുള്ള ഭൂചലനമാണുണ്ടായതെങ്കിലും ആളുകൾ പരിഭ്രാന്തരായി വീടുകൾക്ക് പുറത്തേക്ക് ഇറങ്ങിയോടുന്ന അവസ്ഥയാണുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും ഭൂചലനവും ഈ മേഖലയിൽ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഭൂചലനത്തിൻ്റെ തീവ്രത സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.