കണ്ണൂർ: സി പി എമ്മിൻ്റെ അനഭിമതരെക്കുറിച്ച് ‘അവിഹിത’ കഥകൾ മെനയുന്ന പതിവ് പിണറായിയിലെ അറസ്റ്റിനു ശേഷവും പതിവുതെറ്റാതെ തുടർന്ന് ഒരു വിഭാഗം ഇടതു സൈബർ പോരാളികൾ. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി, മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനരികെ ഒളിവിൽ താമസിച്ചതും പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് വീടിനു നേരെ ആക്രമണമുണ്ടായതും പൊലീസിനും പാർട്ടിക്കും ഒരുപോലെ നാണക്കേടായ സാഹചര്യത്തിലാണ് ‘സദാചാരം’ ക്യാപ്സ്യൂളുകളാക്കി പ്രതിരോധിക്കാൻ സൈബർ പോരാളികൾ ശ്രമം തുടങ്ങിയത്. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമവഴി തേടാനുള്ള നീക്കത്തിലാണ് ജാമ്യത്തിലിറങ്ങിയ രേഷ്മയും കുടുംബാംഗങ്ങളും.

രണ്ടു വീട്ടുകാർക്കും സിപിഎം ബന്ധം
വീട്ടുടമയായ പ്രശാന്തിന്റെയും ഭാര്യ രേഷ്മയുടെയും മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പതിറ്റാണ്ടുകളായി സിപിഎം അനുഭാവികളാണ്. ചെങ്കൊടികളും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഴ്ത്തുപാട്ടുകളുമാണ് മിക്കവരുടെയും ഫെയ്സ്ബുക് പ്രൊഫൈലുകൾ നിറയെ. സൈബർ ഗ്രൂപ്പുകളിലും പങ്കാളിത്തമുണ്ട് പലർക്കും. ചെങ്കൊടിയുടെ പശ്ചാത്തലത്തിലുള്ള പ്രൊഫൈൽ പിക്ചറാണ് ഫെയ്സ്ബുക്കിൽ പ്രശാന്തിന്റേത്. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ ഷെയർ ചെയ്തിട്ടുണ്ട് പ്രശാന്ത്.

അറസ്റ്റിലായ രേഷ്മയ്ക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയബന്ധമില്ലെങ്കിലും ജോലി ചെയ്യുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട് ഇവർക്ക് സംഘ്പരിവാറുമായി അടുപ്പമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. രേഷ്മയുടെ ഫെയ്സ്ബുക് പ്രൊഫൈലിലും രാഷ്ട്രീയ ആഭിമുഖ്യം പ്രകടമാക്കുന്ന പോസ്റ്റുകളില്ല. പ്രശാന്തിന്റെ തറവാടു വീട് നിന്നിരുന്ന പിണറായി പാണ്ട്യാല മുക്കിലെ രയരോത്ത് പൊയിലിൽ രണ്ടു വർഷം മുൻപാണ് പ്രശാന്തും രേഷ്മയും ചേർന്ന് മയിൽപ്പീലി എന്ന പേരിൽ പുതിയ വീട് നിർമിച്ചത്. പ്രശാന്തിന്റെ സഹോദരങ്ങളും അമ്മയുമെല്ലാമാണ് ചുറ്റുപാടുമുള്ള വീടുകളിലെ താമസക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ പിന്നിലെ ഇടവഴിയിലൂടെ നടന്നാൽ ഇവിടേക്ക് എത്താൻ നൂറു മീറ്ററോളം ദൂരമേ ഉണ്ടാകൂ. പാർട്ടി പ്രവർത്തകന്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി പാർട്ടിക്കോട്ടയിൽ തന്നെ താമസിച്ചിട്ടും അറിയാതെ പോയതു സംബന്ധിച്ച് പാർട്ടി അനുഭാവികൾക്കിടയിലും വലിയ ചർച്ചയാണ്. അണ്ടല്ലൂരിൽ പ്രശാന്ത് വാങ്ങിയ സ്ഥലത്ത് ഇവർക്ക് മറ്റൊരു വീടുമുണ്ട്.
വീട്ടുടമ വിദേശത്തേക്ക് പോയത് രണ്ടാഴ്ച മുൻപ്
മാർച്ച് 23നാണ് പ്രശാന്ത് വിദേശത്തേക്കു പോയത്. അതിനു ശേഷം രേഷ്മ അണ്ടല്ലൂരിലെ വീട്ടിലായിരുന്നു മക്കൾക്കൊപ്പം താമസം. തുടർന്നാണ് പാണ്ട്യാല മുക്കിലെ വീട് വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പിണറായിൽ സംഘടിപ്പിച്ചിരുന്ന ‘പിണറായിപ്പെരുമ’ പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ 1 മുതൽ 8 വരെ ഇവിടെ താമസിച്ചിരുന്നത്. ഇവർ പോയതിനു ശേഷം ഏപ്രിൽ 13ന് വീട് വൃത്തിയാക്കിയിട്ടു. അധ്യാപക ദമ്പതികൾ താമസത്തിനായി വരുന്നു എന്നായിരുന്നു സമീപത്തെ ബന്ധുവീടുകളിലുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ എത്തിയത് നിജിൽ ദാസായിരുന്നു.

ഇയാളെ ഇവരിൽ പലരും വീട്ടിൽ കണ്ടിരുന്നെങ്കിലും പുന്നോൽ ഹരിദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം പൊലീസ് കഴിഞ്ഞ ദിവസം രാത്രി വീടുവളയുന്നതുവരെ ആരും അറിഞ്ഞിരുന്നില്ല. ഇയാൾ ഇവിടെ താമസം തുടങ്ങിയതിനു ശേഷം സ്കൂളിലേക്കു പോകുന്ന വഴി രണ്ടു മൂന്നു ദിവസം രാവിലെ രേഷ്മ സ്കൂട്ടറിൽ വീട്ടിൽ വരുന്നതും ഉടൻ തന്നെ മടങ്ങുന്നതും കണ്ടിരുന്നതായി തൊട്ടടുത്ത വീട്ടിലുള്ള ബന്ധുക്കൾ പറഞ്ഞു. വീട് നോക്കാനായി എത്തിയതാണെന്നാണ് കരുതിയതെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്കാണ് വീട് വാടകയ്ക്ക് നൽകിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ പറഞ്ഞു. സ്ത്രീകളെ ആരെയും കാണാത്തതിനാലും പിണറായിപ്പെരുമ പരിപാടിക്ക് എത്തിയവരെപ്പോലെ കുറച്ചു ദിവസത്തേക്ക് മാത്രം താമസിക്കാൻ എത്തിയവർ ആരെങ്കിലും ആയിരിക്കും എന്നു കരുതി പരിചയപ്പെടാൻ ശ്രമിച്ചില്ലെന്നും ഇവർ പറഞ്ഞു.
ക്യാപ്സ്യൂളിന് ബലമേകാൻ ‘ഫോൺ കോൾ രേഖ’
ആന്തൂരിൽ വ്യവസായി അത്മഹത്യ ചെയ്തതിനെത്തുടർന്ന് ‘ഫോൺ കോളിൽ തെളിയുന്നു ആന്തൂരിലെ സത്യ’മെന്ന തരത്തിൽ പാർട്ടി പത്രം പ്രസിദ്ധീകരിച്ച വാർത്തയും സൈബർ പോരാളികളുടെ ‘ക്യാപ്സ്യൂളുകളും’ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് ആ കുടുംബത്തെ അപമാനിക്കാൻ ശ്രമിച്ച അതേ മാതൃകയാണ് പിണറായിലെ കുടുംബത്തോടും സൈബർ പോരാളികൾ ചെയ്യുന്നത്. ഫോൺ കോൾ രേഖകൾ അടിസ്ഥാനമാക്കി രേഷ്മയും നിജിൽദാസും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിപ്പിക്കാനാണ് ഒരുവിഭാഗം സൈബർ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. ഫെയ്സ്ബുക് പേജിൽ നിന്നു രേഷ്മയുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ട്രോളുകളും ഹേറ്റ് പോസ്റ്റുകളും വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.

പിണറായിലെ ബോംബേറ് മറ്റൊരു നാണക്കേട്
നിജിൽ ദാസിന്റെ അറസ്റ്റിനെത്തുടർന്ന് ഇയാൾ ഒളിവിൽ താമസിച്ച പാണ്ട്യാല മുക്കിലെ വീടിനു നേരെയുണ്ടായ ആക്രമണവും ബോംബേറും പാർട്ടിക്കും പൊലീസിനും മറ്റൊരു വലിയ നാണക്കേടായി. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ വീടിന് മുഴുവൻ സമയവും പൊലീസ് സുരക്ഷയുണ്ട്. മാത്രമല്ല, നൈറ്റ് പട്രോളിങ് ഉൾപ്പെടെ സദാസമയവും പോലീസ് റോന്തുചുറ്റുന്ന മേഖലയുമാണ് ഇത്. അറസ്റ്റ് നടന്നതിനെത്തുടർന്ന് അക്രമത്തിനു സാധ്യതയുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പും നൽകിയിരുന്നു.
രാത്രി എട്ടരയോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. ഒരു സംഘം വീട്ടിലെത്തി വീടിനു ചുറ്റുമുള്ള ജനൽച്ചില്ലുകളെല്ലാം അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് വീടിനു പുറത്തുണ്ടായിരുന്ന രണ്ട് ചൂരൽ കസേരകൾ മുറ്റത്തെ കിണറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതിനു ശേഷമായിരുന്നു സ്റ്റീൽ ബോംബ് ആക്രമണം. രണ്ടു ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്. ഒന്ന് വരാന്തയിലേക്കുള്ള കയറുന്ന പടിയിലും മറ്റൊന്ന് ചുമരിലും വീണാണ് പൊട്ടിയത്. ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകളാണ് എറിഞ്ഞതെന്ന് രാത്രിയിൽ വീട്ടിൽ പരിശോധന നടത്തിയ ബോംബ് സ്ക്വാഡും സ്ഥിരീകരിച്ചു. വീട് ആക്രമിക്കാനുള്ള സ്റ്റീൽ ബോംബ് എവിടെനിന്നു ലഭിച്ചെന്ന ചോദ്യം സിപിഎമ്മിനു നേരെയാണ് ഉയരുന്നത്. രാത്രിതന്നെ ബോംബ് സ്ക്വാഡും രാവിലെ ഫൊറൻസിക് സംഘവും വീട് പരിശോധിച്ചെങ്കിലും ഡോഗ് സ്ക്വാഡിനെ കൊണ്ടുവരാത്തത് വീട് ആക്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാനെന്ന വാദവും പ്രശാന്തിന്റെ ബന്ധുക്കളിൽ ചിലർ ഉയർത്തുന്നുണ്ട്.