തിരുവനന്തപുരം: കേരളം കടമെടുക്കുന്ന കാര്യത്തിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പോലും മുടങ്ങുന്ന വിധം ഗുരുതര ധന പ്രതിസന്ധിയിലേക്കു സംസ്ഥാനം നീങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബി പോലുള്ള സ്ഥാപനങ്ങളും എടുക്കുന്ന വായ്പ സർക്കാർ കടമെടുക്കുന്നതായി കണക്കാക്കുമെന്ന കേന്ദ്ര നിലപാടാണ് കേരളം അടക്കമുള്ള ഒട്ടേറെ സംസ്ഥാനങ്ങൾക്കു തിരിച്ചടിയായിരിക്കുന്നത്. ഇതു നടപ്പാക്കിയാൽ, കേരളത്തിന് ഇൗ വർഷം കടമെടുക്കാവുന്ന 32,435 കോടി രൂപയിൽ പകുതിയെങ്കിലും നഷ്ടപ്പെടുമെന്നാണു വിലയിരുത്തൽ.
കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി കടമെടുത്ത തുക കൂടി ഇൗ വർഷത്തെ കടമെടുപ്പിൽ കുറവു ചെയ്യുമെന്ന കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കേരളം. തീരുമാനം പിൻവലിക്കണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തു നൽകിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ വരെ ഒരുങ്ങിയ തെലങ്കാനയ്ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കടമെടുപ്പിൽ ഇളവ് അനുവദിച്ചിരുന്നു. അതുപോലെ കേരളത്തിനും ഇളവ് അനുവദിക്കുമെന്നാണു പ്രതീക്ഷ. അതിനാൽ 2 ദിവസം കൂടി കാത്ത ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
ഓരോ മാസവും കടമെടുക്കുന്ന തുക കൊണ്ടാണു ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും സർക്കാർ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം 1000 കോടി രൂപയും ഇൗ മാസം 5,000 കോടി രൂപയും കടമെടുക്കാൻ കേരളം തീരുമാനിച്ചിരുന്നു. എന്നാൽ, കടമെടുപ്പു വ്യവസ്ഥകളിൽ വന്ന മാറ്റം കാരണം അനുമതി കേന്ദ്രം നീട്ടിക്കൊണ്ടു പോവുകയാണ്. അതോടെ 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ ചെലവുകളും സർക്കാർ വിലക്കി. കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടി വരും. അടുത്ത മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാനും കഴിയില്ല. അതേസമയം, ശമ്പളം മുടങ്ങില്ലെന്നും ശമ്പള വിതരണം മാറ്റിവയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി ബാലഗോപാൽ പ്രതികരിച്ചു.
വളഞ്ഞ വഴിക്കു നീങ്ങി ഊരാക്കുടുക്കിൽ
കടമെടുക്കുന്ന തുക കൊണ്ട് ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ വിതരണം ചെയ്യാനും ഭരണപരമായ മറ്റു ചെലവുകൾ നടത്താനും മാത്രമേ തികയൂ എന്ന അവസ്ഥ വന്നപ്പോഴാണു വികസന പദ്ധതികൾ നടപ്പാക്കുന്നതിനു പണം കണ്ടെത്താൻ കഴിഞ്ഞ സർക്കാർ കിഫ്ബിക്കു രൂപം നൽകിയത്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ പെടുമെന്ന് സിഎജി റിപ്പോർട്ടിൽ നൽകിയ മുന്നറിയിപ്പ് സർക്കാർ തള്ളുകയും അതു സംബന്ധിച്ച പരാമർശങ്ങൾ റിപ്പോർട്ടിൽ നിന്നു മാറ്റുകയും ചെയ്തു. എന്നാൽ, ആ കടവും മറ്റു സ്ഥാപനങ്ങൾ എടുത്ത കടങ്ങൾക്കു ഗാരന്റി നിന്നതും ഒക്കെ ഇപ്പോൾ സർക്കാരിന്റെ ചുമലിലായി. അതു കഴിഞ്ഞുള്ള തുകയേ ഇനി സർക്കാരിനു കടമെടുക്കാൻ സാധിക്കൂ. ഫലത്തിൽ, വളഞ്ഞ വഴിക്കു കടമെടുക്കാൻ കണ്ടെത്തിയ മാർഗം തന്നെ ഇപ്പോൾ സർക്കാരിന്റെ കടമെടുപ്പ് മുട്ടിച്ചു.