കൊച്ചി: ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. ഇയാൾ പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും ഇയാൾ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇവ. പരാതിക്കാരി പീഡനം നടന്നു എന്ന് പറയുന്ന സ്ഥലങ്ങളിൽ വിജയ് ബാബു പരാതിക്കാരിയുമായി എത്തിയിരുന്നു എന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാൾ വിദേശത്താണെന്നാണ് പോലീസ് നിഗമനം. വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടാനാണ് നീക്കം. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയെന്നും സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ കിട്ടിയതായും നേരത്തെ കമ്മിഷണർ വ്യക്തമാക്കിയിരുന്നു.
ഹോട്ടൽ, ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പോലീസ് തെളിവുശേഖരിച്ചത്. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ടയാളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവും പോലീസിന് ലഭിച്ചു. അതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധന പൂർത്തിയാക്കി. സിനിമാ മേഖലയിൽ നിന്നുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി.
അറസ്റ്റ് ഒഴിവാക്കാൻ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കും. അഭിഭാഷകനായ എസ് രാജീവ് മുഖേന ആയിരിക്കും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുക.