തിരുവനന്തപുരം : മീൻ കച്ചവടത്തിന്റെ മറവിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂർ നെല്ലിക്കാപ്പറമ്പ് വീട്ടിൽ ജോബി ജോസ്(32), വാഴിച്ചൽ കുഴിയാർ തടത്തരികത്ത് വീട്ടിൽ
ഉദയലാൽ(38) എന്നിവെരെയാണ് ആന്റി നർക്കോട്ടിക് സംഘത്തിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി.

ചാക്കിൽ കെട്ടി ഓട്ടോറിക്ഷയുടെ സീറ്റിന് പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോബി ജോസിനെയും ഉദയലാലിനെയും നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവുമായി പ്രതികൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റശ്ശേഖരമംഗലത്തുവെച്ചാണ് ആന്റി നർക്കോട്ടിക് സംഘം ഇവരെ പിടികൂടിയത്.അടുത്തിടെ തമിഴ്നാട് അതിർത്തിയോട് ചേർന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവരെയും നിരീക്ഷിച്ചിരുന്നത്. മീൻവിൽപ്പനയുടെ മറവിൽ പ്രതികൾ കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന് മനസിലാക്കിയ സംഘം തെളിവുകളുമായി ഇരുവരെയും പിടികൂടാനായി കാത്തിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം കഞ്ചാവുമായി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.