പെരുമ്പാവൂർ: പട്ടാലിൽ ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോയോളം കഞ്ചാവ് പിടികൂടി. ടാങ്കറിന്റെ പ്രത്യേക അറയിൽ 111 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ തമിഴ്നാട് സ്വദേശി സെൽവനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കഞ്ചാവ് ആർക്ക് വേണ്ടിയാണ് കടത്തിയതെന്ന് അന്വേഷിച്ചുവരികയാണ്. ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്താലെ കഞ്ചാവിൻ്റെ ഉറവിടം കണ്ടെത്താനാകുവെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂർ ഡിവൈഎസ്പി അനൂജ് പൽവാലിൻ്റെ നിർദ്ദേശപ്രകാരം കുറുപ്പംപടി എസ്എച്ച്ഒ വിപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്