കോഴിക്കോട്: ഇരുട്ടിന്റെ മറവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തുനിന്നും ആഭരണങ്ങൾ കവർന്നെടുക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നു പിടികൂടി. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശിയും ഇപ്പോൾ കൂടത്തുംപൊയിലിലെ വാടകവീട്ടിൽ രഹസ്യമായി താമസിച്ചുവരികയുമായിരുന്ന ഹ്യൂണ്ടായ് അനസ് എന്ന പേരിൽ കുപ്രസിദ്ധനായ അനസാണു പിടിയിലായത്. ഇയാൾ ബ്ലാക്ക് മാൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരുവർഷമായി അന്വേഷണം നടത്തിവരുന്ന കേസുകളുൾപ്പെടെ നിരവധി കേസുകൾക്ക് ഇതോടെ തുമ്പുണ്ടായി. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്നു വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ആഴ്ച എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതോടെ സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലാകുകയായിരുന്നു. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളജ്, കുന്ദമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.
പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ വള മോഷ്ടിച്ചതുൾപ്പെടെ പന്തീരങ്കാവ്, മാവൂർ, എലത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതം നടത്തി. വർഷങ്ങളായി രാത്രിസമയത്ത് ഇറങ്ങിനടന്ന് വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്കു നയിച്ചത്. മോഷ്ടിച്ച സ്വർണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്.
ആഭരണങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോണും മോഷ്ടിക്കുന്ന പ്രതി ഫോൺ വഴിയിലുപേക്ഷിക്കുകയും ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുകയുമാണു ചെയ്യാറുള്ളത്. പൊലീസ് പിടിക്കാതിരിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് കക്കോടി കൂടത്തുംപൊയിലിൽ വാടകയ്ക്കു വീടെടുത്ത് രഹസ്യമായി കഴിഞ്ഞു വരികയായിരുന്നു. പകൽസമയത്ത് പുറത്തിറങ്ങാതെ രാത്രി ഇരുട്ടിന്റെ മറവിൽ മാത്രം പുറത്തിറങ്ങുന്നതിനാൽ ഇയാളെപ്പറ്റി അയൽവാസികൾക്കു പോലും അറിവുണ്ടായിരുന്നില്ല. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണു കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്.