തൃശൂർ : മദ്യപിച്ചെത്തി വീട്ടിൽ
വഴക്കുണ്ടാക്കിയതിനെത്തുടർന്ന് ജ്യേഷ്ഠനെ സഹോദരൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. ബാബുവിനെ ജീവനോടെയാണ് മണ്ണിൽ കുഴിച്ചുമൂടിയതെന്നാണ് പുതിയ കണ്ടെത്തൽ പോസ്റ്റ്മോർട്ടത്തിലാണ് ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
കഴുത്ത് ഞെരിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്നാണ് സാബു പോലീസിന് മൊഴി നൽക നൽകിയത്. പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് മുറിവേറ്റിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹമാണെന്ന് കരുതി ബാബുവിനെ വലിച്ചിഴച്ചു പോയപ്പോൾ തല എന്തിലെങ്കിലും തട്ടിയതാകാമെന്നാണ് പോലീസ് കരുതുന്നത്.
മാർച്ച് 16ന് രാത്രിയാണ് ബാബു കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു ബാബുവിനെ കുഴിച്ചിട്ടത്. കൊലയ്ക്ക് ശേഷം ഒൻപത് ദിവസവും സാബു സഹോദരനെ അന്വേഷിച്ചു. കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയതറിഞ്ഞ് പോലീസ് പരിശോധന നടത്തുന്നതിനിടയിൽ ജനക്കൂട്ടത്തിനിടയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സാബുവും ഉണ്ടായിരുന്നു.
മാർച്ച് 22ന് പശുവിനെ തീറ്റാൻ
പോയ നാട്ടുകാരനായ സുധാകരൻ ബണ്ടിലെ മണ്ണ് ഇളകി കിടക്കുന്നതും ഒരു ഭാഗം തെരുവു നായ്ക്കൾ ചേർന്ന് കുഴിക്കുന്നതും കണ്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇതേസ്ഥലത്ത് എത്തിയപ്പോൾ മണ്ണ് പഴയപടി തന്നെ കിടക്കുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൈക്കോട്ട് കൊണ്ട് കുഴിച്ചു നോക്കിയപ്പോൾ സിമന്റ് കട്ട നിരത്തി വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ദുർഗന്ധം വമിച്ചതോടെ പോലീസിൽ വിവരമറിയിച്ചു. ഇതേത്തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹത്തിന്റെ കൈയുടെ ഭാഗം
കണ്ടെത്തുകയായിരുന്നു. കൈയിൽ പച്ചകുത്തിയിരുന്നതും നിർണായകമായി. നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ സാബു വീട്ടിലുണ്ടായിരുന്നു. എന്നാൽ വീട്ടിൽ ഇല്ല എന്നായിരുന്നു പോലീസ് വിളിച്ചപ്പോൾ സാബു പറഞ്ഞത്. വീതി കുറഞ്ഞ കുഴിയെടുത്ത് ചരിച്ചായിരുന്നു മൃതദേഹം കിടത്തിയിരുന്നത്. ഇതിന് മുകളിൽ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും വിതറിയിരുന്നു. ഇരുവരുടെയും വീട്ടിലെ ടിവി തകർന്ന നിലയിൽ കാണപ്പെട്ടതും പോലീസിന് സംശയം തോന്നാൻ കാരണമായി.
സംഭവത്തിന് ദൃക്സാക്ഷിയാണെങ്കിലും പുറത്തുപറയാതെ മൂടിവെച്ച മാതാവ് പത്മാവതിയെ (52) കസ്റ്റഡിയിലെടുത്തെങ്കിലും ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം കൊണ്ടുപോകാനും കുഴിച്ചിടാനും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.