മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ യുവാവിന്റെ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നടുറോഡിൽ മർദ്ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ മർദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവർക്ക് മർദ്ദനമേറ്റത്. കാറിൽ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീർ വാഹനമോടിക്കുന്ന അസ്നയെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. പെൺകുട്ടികൾ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീർപ്പിനുള്ള ശ്രമമാണുണ്ടായതെന്ന് മർദ്ദനമേറ്റ പെൺകുട്ടി പറഞ്ഞു.

കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവമുണ്ടായത്. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായിപോയി. യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് മർദ്ദനമുണ്ടായത്.
ഞങ്ങളുടെ വാഹനം അപകടത്തിൽപ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്ന് പെൺകുട്ടികളിലൊരാളായ അസ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീർപ്പിന് ആദ്യം ശ്രമിച്ചത്. കേസെടുത്തെങ്കിലും പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചുവെന്നും നിസാരമായ വകുപ്പുകളാണ് പൊലീസ് പ്രതിക്കെതിരെ ചേർത്തതെന്നും പെൺകുട്ടി പറഞ്ഞു. പൊലീസിൽ നിന്നും അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും പെൺകുട്ടി പറഞ്ഞു. നിങ്ങൾ നോക്കി ഓടിക്കണ്ടേ എന്നാണ് പൊലീസ് പറഞ്ഞത്. വീഡിയോ തെളിവുണ്ടായിട്ടും നിസാര വകുപ്പുകളാണ് ചേർത്തത്. പ്രതിയുടെ കുടുംബത്തിന് വലിയ സ്വാധിനമുണ്ടെന്നാണ് മനസിലാക്കുന്നത്. നടുറോഡിൽ വെച്ച് ഒരു പെൺകുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നതെന്നും ഒത്തുതീർപ്പിനാണ് ശ്രമം നടക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു.