പോർട്ട് ബ്ലെയർ: അസാനി ചുഴലിക്കൊടുങ്കാറ്റിന്റെ വരവ് അറിയിച്ച് ആൻഡമാന‍്‍ നിക്കോബാർ ദ്വീപുകളിലെങ്ങും കനത്ത മഴയും ശക്തമായ കാറ്റും. തീരപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ദ്വീപുകൾ തമ്മിലും ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതം നാളെ വരെ നിർത്തിവച്ചു.
മീൻപിടിത്തക്കാരോടു കടലിൽ ഇറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 150 അംഗങ്ങളെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു. ആറിടത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ‘അസാനി’ ചുഴലിക്കാറ്റായി ഇന്ന് ബംഗ്ലദേശ്, മ്യാൻമർ തീരം തൊടുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.