ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെയാണ് ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. ഷോപ്പിയാനിലെ സെയ്‌നപോറ പ്രദേശത്തെ ബഡിഗാമിൽ വെച്ചായിരുന്നു ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്.

സൈന്യം പ്രദേശമാകെ വളഞ്ഞിട്ടുണ്ടെന്നും പരിശോധന തുടരുകയാണെന്നും കശ്മീർ ഐജി അറിയിച്ചു. കഴിഞ്ഞ ദിവസം കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. ജയ്‌ഷെ ഭീകരരെയാണ് വധിച്ചത്. കുൽഗാമിലെ ഖുർ ബട്ട്‌പോര പ്രദേശത്ത് ഭീകരർ വാഹനത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഭീകരരെ കണ്ടെത്തുകയും. സൈന്യത്തെ കണ്ടയുടൻ ഭീകരർ വെടിയുതിർത്തുകൊണ്ട് വാഹനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈന്യം അവരെ വെടിവച്ചിടുകയായിരുന്നു.