കോഴിക്കോട്: തൊണ്ടയാടിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. 266 വെടിയുണ്ടകളാണ് കണ്ടെടുത്ത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത വെടിയുണ്ടകൾ 0.22 പിസ്റ്റളിൽ ഉപയോഗിക്കുന്നതാണെന്ന് പോലീസ് കണ്ടെത്തി. പരിശീലനത്തിനായി എത്തിയവർ ഉപയോഗിച്ച വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം. തൊണ്ടയാട് ബൈപ്പാസിനടുത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ വാർഡ് കൗണ്സിലറെ വിവരം അറിയിക്കുകയായിരുന്നു.
50 എണ്ണം വീതം 5 പെട്ടിയിലും 16 എണ്ണം ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. പരിശീലനത്തിനെത്തിയവർ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർക്കി ഫാക്ടറിയിൽ നിർമ്മിച്ചവയാണ് വെടിയുണ്ടകൾ. ലൈസൻസുള്ള തോക്കിൽ ഉപയോഗിക്കുന്ന ഇവ എങ്ങനെയാണ് പ്രദേശത്ത് എത്തിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രത്യേക ഇടങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള വെടിയുണ്ടകൾ ഇവിടെ ഉപയോഗിച്ചതും ഗുരുതരമായ നിയമലംഘനമായി പോലീസ് കാണുന്നു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി അനിൽ ശ്രീനിവാസന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ സംഭവ സ്ഥലം സന്ദർശിക്കുന്നുണ്ട്.