കീവ് മേഖലയിൽ 1200ൽ അധികം മൃതദേഹങ്ങൾ കണ്ടെത്തിയതായി യുക്രെയ്ൻ അറിയിച്ചു. റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി നടത്തിയ കൂട്ടക്കുരുതിയുടെ ഭാഗമാണിത്. 1222 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ വെനെഡിക്ടോവ അറിയിച്ചു. യുക്രെയ്നിൽ ഇതുവരെ 1793 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎന്നിന്റെ കണക്കു പറയുന്നു. 2439 പേർക്കു പരുക്കേറ്റിട്ടുണ്ട്.

യുക്രെയ്നിലെ ലുഹാൻസ്ക്, ഡിനിപ്രോ മേഖകളിലേക്കാണ് റഷ്യൻ സേന ഇന്നലെ റോക്കറ്റ് ആക്രമണം നടത്തിയത്. മേഖലയിലെ വിമാനത്താവളം തകർത്ത ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ക്രാമറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇവിടെ 109 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

മരിയുപോളിൽനിന്ന് 213 പേരുൾപ്പെടെ ആകെ 2824 പേരെ ഞായറാഴ്ച മാത്രം ഒഴിപ്പിച്ചിട്ടുണ്ട്. റഷ്യ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24നു ശേഷം 45 ലക്ഷം പേർ യുക്രെയ്നിൽനിന്ന് പലായനം ചെയ്തതായാണ് യുഎൻ കണക്ക്.
2012 മുതൽ വിരമിച്ച മുൻ സൈനികരെ ഉൾപ്പെടുത്തി സൈനിക ബലം വർധിപ്പിക്കാൻ റഷ്യ ശ്രമിക്കുകയാണെന്ന് ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസ് അറിയിച്ചു.
അതിനിടെ, ഓസ്ട്രിയൻ ചാൻസലർ കാൾ നെഹമ്മർ ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തും. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് പുട്ടിൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യത്തെ നേതാവിനെ മുഖാമുഖം കാണുന്നത്.