കാലഹരണപ്പെട്ടതും കൂടുതൽ ഉപയോഗിച്ചതുമായ ടയറുകൾ ചൂടുകാലത്ത് മർദം കൂടുന്നതിനാൽ അതിവേഗം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ചൂടുകാലത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളിൽ അധികവും ടയറുകൾ പൊട്ടിയാണുണ്ടാവുന്നത്. മോശം ടയറുകളുടെ ഉപയോഗത്തിനുപുറമേ റീസൈക്കിൾ ചെയ്തുവരുന്ന ടയറുകളുടെ ദീർഘകാല ഉപയോഗവും വലിയ വെല്ലുവിളിയാണുയർത്തുന്നത്.
ഉപയോഗിച്ച ടയറുകളുടെ വിൽപ്പന നടത്തുന്ന വെബ്സൈറ്റുകൾ ഒട്ടേറെയുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന ടയറുകൾ ഗുണനിലവാരമുള്ളതാവണമെന്നി പോലീസും ഗതാഗതവകുപ്പ് അധികൃതരും അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതിന് യു.എ.ഇ.യിൽ വിലക്കുണ്ട്. ടയറുകൾക്ക് പ്രത്യേക ശ്രദ്ധനൽകേണ്ട സമയമാണ് വേനൽക്കാലം. അഞ്ചുനിർദേശങ്ങളാണ് വാഹന ഉപയോക്താക്കൾക്ക് പോലീസ് നൽകുന്നത്.
ഓരോ യാത്രയ്ക്കും മുൻപ് വാഹനങ്ങൾക്ക് ചുറ്റും നടന്ന് ചക്രങ്ങൾ പരിശോധിക്കുക. കാണാൻ സാധിക്കുന്ന പൊട്ടലുകളോ പോറലുകളോ ടയറുകളിലുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.രാണ്ടാഴ്ചയിലൊരിക്കലെങ്കിലും ടയറിലെ മർദം ക്രമപ്പെടുത്തുക. നിർമാണ തീയതിക്ക് അഞ്ചുവർഷങ്ങൾക്കിപ്പുറമുള്ള ടയറുകൾ ഉപയോഗിക്കാതിരിക്കുക.
ഓരോ പതിനായിരം കിലോമീറ്ററിലും ടയറുകൾ മാറ്റിയിടണം. ടയറുകളുടെ അലൈൻമെന്റ്, ബാലൻസിങ് എന്നിവയെല്ലാം കൃത്യമായ ഇടവേളകളിൽ ചെയ്യണം. 50,000 കിലോമീറ്റർ ഓടിയ ടയറുകൾ മാറ്റാതിരിക്കുന്നത് അപകടങ്ങൾക്ക് വഴിതെളിച്ചേക്കാം.
വാഹനങ്ങളുടെ ബ്രേക്കിന്റെ കാര്യക്ഷമത, ഓയിൽ മാറ്റാനുള്ള കാലാവധി എന്നിവയ്ക്കുപുറമേ റേഡിയേറ്ററുകളിലെ ദ്രാവകത്തിന്റെ തോതും ചൂടുകാലത്ത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
റേഡിയേറ്ററുകളിലെ വെള്ളത്തിന്റെ അളവുകുറഞ്ഞാൽ എഞ്ചിൻ ചൂടായും അപകടങ്ങളുണ്ടാവാമെന്നും ഗതാഗത വകുപ്പ് ഓർമിപ്പിക്കുന്നു. വേനൽക്കാലത്ത് മോശമായ ടയറുകളുടെ ഉപയോഗം വരുത്തിവെക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.കേടായതോ, കാലാവധി കഴിഞ്ഞതോ ആയ ടയറുകൾ ഉപയോഗിച്ചാൽ 500 ദിർഹ പിഴയും നാല് ബ്ലാക്ക് പോയന്റും വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷ.