Categories: NEWS

ഒമിക്രോണ്‍ വകഭേദം: ഡോക്ടറുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ആ സന്ദേശം വ്യാജം, പരാതി നൽകി

കോഴിക്കോട്: കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ ലോകം നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് വ്യാജ വാർത്തകൾ. കോവിഡ് രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചും ഒട്ടും വസ്തുതാപരമല്ലാത്തതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ പ്രചാരണങ്ങളാണ് ഇന്റർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്നത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ ലോകാരോഗ്യ സംഘടന തന്നെ ഇത്തരം പ്രചാരണങ്ങളിൽ ഔദ്യൗഗിക വിശദീകരണം നൽകിക്കൊണ്ടിരിക്കുകയാണ്.


ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്കുശേഷം കോവിഡ് ഭീതി ആളുകളിൽ വീണ്ടും ഉയരുകയാണ്. കൊറോണ വൈറസിന്റെ ഒമിക്രോൺ എന്ന വകഭേദം കൂടുതൽ അപകടകരിയാണെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും കോറോണയെ കുറിച്ചുള്ള ഭയം ജനങ്ങളിലുണ്ടായിരിക്കുന്നത്. അതേസമയം ഈ ഒമിക്രോൺ മറ്റ് കോവിഡ് വകഭേദങ്ങളേക്കാൾ അപകടകാരിയാണോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിശദീകരണം.

അതിനിടെയാണ് ഒരു വ്യാജ സന്ദേശം വാട്സാപ്പിൽ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി വിഭാഗം മേധാവി ഡോ. പി.പി വേണുഗോപാലിന്റെ പേരിലായിരുന്നു ആ സന്ദേശം. എന്നാൽ ഇത് തന്റെ വാക്കുകളല്ലെന്നും ഈ സന്ദേശവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം. ഇതിന് മുമ്പും ഡോ. വേണുഗോപാലിന്റെ പേരിൽ കോവിഡുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഒരു ഡോക്ടറുടെ മേൽവിലാസത്തിലുള്ള സന്ദേശമായതിനാൽ തന്നെ ഇതിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ‘മുൻകരുതൽ സന്ദേശം’എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ കോവിഡ് ഡെൽറ്റാ വകഭേദത്തെ കുറിച്ചും അതിന്റെ വ്യാപന, അപകടം, സൂക്ഷിക്കേണ്ട മുൻകരുതലുകൾ എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്.
കേൾക്കുമ്പോൾ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾക്ക് യാതൊരു അടിത്തറയുമില്ല എന്ന് ഡോ. പിപി. വേണുഗോപാൽ പറഞ്ഞു. ആളുകളെ പരിഭ്രാന്തിയിലാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇതിന് പുറികിലുള്ളതെന്നും പറയുന്ന കാര്യങ്ങൾക്ക് പ്രചാരവും സ്വീകാര്യതയും ലഭിക്കുന്നതിന് വേണ്ടിയാണ് ഒരു മുതിർന്ന ഡോക്ടറായ തന്റെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നത് എന്നും ഡോക്ടർ പറഞ്ഞു.

പോലീസിന്റെ അന്വേഷണത്തിൽ ഇത് ഡൽഹിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു സന്ദേശമാണെന്നും അതിന്റെ ഗൂഗിൾ ട്രാൻസിലേറ്റ് വഴി മൊഴിമാറ്റിയ പതിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ വാട്സാപ്പിൽ പ്രചരിക്കുന്നത് നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല എന്നാണ് പോലീസ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു.

ഡോ.പിപി. വേണുഗോപാലിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശം ഇതാണ്

‘മുൻകരുതൽ സന്ദേശം’

ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്. പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്. ചിലപ്പോൾ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കോവിഡ് അതിവേഗം കടന്നാക്രമിക്കുന്നു ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ഈ വൈറസ് നേസോഫറിംജ്യൽ മേഖലയിൽ ജീവിക്കുന്നില്ല ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് ‘ജാലകങ്ങൾ’ (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങൾ) കുറവാണ്. അത്തരം നിരവധി രോഗികൾക്ക് പനിയോ വേദനയോ ഇല്ല. എന്നാൽ അവരുടെ എക്സ്-റേകളിൽ നേരിയ ന്യുമോണിയ കാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസൽ സ്വാബ് ടെസ്റ്റുകൾ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യൽ ടെസ്റ്റുകളിൽ നിന്ന് കൂടുതൽ കൂടുതൽ തെറ്റായ നെഗറ്റീവ് ഫലങ്ങൾ ഉണ്ടായിട്ടുമുണ്ട്

ഇതിനർത്ഥം വൈറസ് വേഗത്തിൽ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു വ്യാപിക്കുന്നു എന്നാണ്. ഇത് വൈറൽ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു

നമുക്ക് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക. ഡബിൾ ലെയേഡ് ഫെയ്സ് മാസ്കുകൾ മാത്രം ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റയ്സർ ഉയപയോഗിച്ചോ വൃത്തിയാക്കുക

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ അകന്നു നിൽക്കുക. ആലിംഗനങ്ങൾ അരുത് കാരണം അധികം പേരും ലക്ഷണമില്ലാത്തവരാണ്.

ഈ ‘മൂന്നാം തരംഗം’ ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുകയും വേണം.

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരു അലേർട്ട് കമ്മ്യൂണിക്കേറ്റർ ആകുക. ഈ വിവരങ്ങൾ സൂക്ഷിച്ചു വെക്കരുത്. കഴിയുന്നിടത്തോളം, പ്രത്യേകിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.

ഡോ പി പി വേണുഗോപാൽ ഹെഡ്-എമർജൻസി വിഭാഗം, ആസ്റ്റർ മിംസ് കോഴിക്കോട്

കോവിഡുമായി ബന്ധപ്പെട്ട് വരുന്ന വാട്സാപ്പ് സന്ദേശങ്ങൾ മറ്റൊരാൾക്ക് പങ്കുവെക്കരുത്. അത് ലോകാരോഗ്യ സംഘടനയുടെയും, ഭരണകൂടങ്ങളുടേയും, ഡോക്ടർമാരുടേയും പേരിലുള്ളതാണെങ്കിൽ പോലും പങ്കുവെക്കരുത്. ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുമായും സംഘടനകളുടെ വെബ്സൈറ്റിലും മറ്റും അന്വേഷിച്ച് ഉറപ്പുവരുത്തുക.

വാർത്തകൾ വേഗത്തിൽ അറിയാൻ FOLLOW ചെയ്യുക,👇

0 Reviews ( 0 out of 0 )

Editor

Recent Posts

%d bloggers like this: